സ്വരങ്ങള്‍ കീബോർഡിൽ (Sound in keyboard)

ഭാരതീയ സംഗീതത്തിൽ പ്രധാനമായും 7സ്വരസ്ഥാനങ്ങൾ (മ്യൂസിക്കൽ നോട്ട്) ആണ് ഉള്ളത്. സ രി ഗ മ പ ധ നി സ എന്ന സ്പതസ്വരങ്ങൾ ആണ് അവ. പാശ്ചാത്യ സംഗീതത്തിൽ സ്വരസ്ഥാനങ്ങൾക്ക് (മ്യൂസിക്കൽ നോട്ടിന്) ഇംഗ്ലീഷ്‌ അക്ഷരമാലയിലെ A,B,C, D,E ,F,G എന്നീ ആദ്യത്തെ ആറ് അക്ഷരങ്ങൾ ആണ് ഉപയോഗിക്കുന്നത്. പക്ഷെ ഭാരതീയ സംഗീതതത്തിലെ "സ" ക്ക് തുല്യമായി പാശ്ചാത്യർ A അല്ല "C" ആണ് ഉപയോഗിക്കുന്നത്. "സ രി ഗ മ പ ധ നി സ"  എന്നി സ്പതസ്വരങ്ങൾക്ക് തുല്ല്യമായി പാശ്ചാത്യർ "C D E F G A B C" എന്നീ അക്ഷരങ്ങൾ ആണ് ഉപയോഗിക്കുന്നത്. A യിൽ അല്ല C യിൽ ആണ് തുടങ്ങിയിരിക്കുന്നത്. C യിൽ തുടങ്ങി G കഴിഞ്ഞു പിന്നെയാണ് A വരുന്നത് പിന്നെ B പിന്നെ C യിൽ അങ്ങനെ പോകുന്നു.

ഒരു മ്യൂസിക്  കീബോർഡിൽ ഇത് എങ്ങിനെയാണ് വരുന്നത് എന്ന് നോക്കാം.


കൊടുത്തിരിക്കുന്ന ചിത്രത്തിൽ വെളുത്ത കട്ടകളും കറുത്ത കട്ടകളും കാണാം. വെളുത്ത കട്ടകളിൽ C D E F G A B C എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം.
ചിത്രത്തിൽ തുടക്കവും അവസാനവും C കാണാം. ഒരു കീബോർഡിൽ ഒന്നിലധികം C (സ) ഉണ്ടായിരിക്കും. C(സ) മാത്രമല്ല D(രി) യും E (ഗ) യും F (മ) ഉം അടക്കമുള്ള എല്ലാ സ്വരങ്ങളും ഒന്നിലധികം ഉണ്ടാകും. 61 കീകൾ (കട്ടകൾ) ഉള്ള ഒരു കീബോർഡിന്റെ ഡയഗ്രം ആണ് ചുവടെ.


ചിത്രത്തിൽ കറുത്ത കട്ടകളും വെളുത്ത കട്ടകളും കാണാം. കറുത്ത കട്ടകൾ രണ്ടെണ്ണം അടുപ്പിച്ച് വരുന്നതും മൂന്നെണ്ണം അടുപ്പിച്ചു വരുന്നതും കാണാം. ഇതിൽ രണ്ടു കറുത്ത കട്ടകൾ അടുപ്പിച്ചു വരുന്നതിനു തൊട്ടുമുമ്പ് ഉള്ള വെളുത്ത കട്ടയാണ് C അല്ലെങ്കിൽ 'സ' എന്നറിയപ്പെടുന്നത്. അതു കഴിഞ്ഞു വരുന്ന വെളുത്ത കട്ട D (രി)  ആണ്. തുടർന്നുള്ളത് E F G A B C (ഗ മ പ ധ നി സ) എന്നിങ്ങനെ പോകുന്നു. അവസാനത്തെ C ക്ക് ശേഷവും രണ്ട് കറുത്ത കട്ടകൾ അടുത്തടുത്ത് വരുന്നുണ്ട്. അതായത് രണ്ട് കറുത്ത കട്ടകൾ അടുപ്പിച്ചു വരുന്നതിനു തൊട്ടുമുമ്പ് ഉള്ള വെളുത്ത കട്ട എല്ലായ്പ്പോഴും C ആയിരിക്കും. എന്നാൽ എല്ലാ C യുടെയും ശബ്ദവും വ്യത്യസ്തമായിരിക്കും. ഇതിൽ കീബോർഡിന്റെ മധ്യത്തിൽ ഉള്ള C യെ ആണ് മിഡിൽ C എന്ന് പറയുന്നത്. മിഡിൽ C മുതൽ ഉള്ള കട്ടകൾ വായിക്കുന്നത് വലതു കൈയുടെ വിരലുകൾ ഉപയോഗിച്ച് ആണ്. മിഡിൽ C ക്ക് മുംബ് ഉള്ള കട്ടകൾ വായിക്കുന്നത് ഇടത് കൈയിലെ വിരലുകൾ ഉപയോഗിച്ചും ആണ്.

കീബോര്‍ഡിലെ വെളുത്ത കട്ടകൾ C D E F G A B C (സ രി ഗ മ പ ധ നി സ) എന്നീ സ്വരസ്ഥാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ കറുത്ത കട്ടകൾ ഇവയുടെ കോമള തീവ്ര ( Flat, Sharp) വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗോക്കുന്നത്. ഒരു കീബോര്‍ഡിൽ
 7 സ്വരസ്ഥാനങ്ങളും അവയുടെ കോമള തീവ്ര വിഭാഗങ്ങള്‍ കൂടി ചേര്‍ത്ത്‌ 12 കട്ടകൾ ആണ് പ്രധാനമായും ഉള്ളത്. ചിത്രം നോക്കുക.


ചിത്രത്തിൽ Middle C യിൽ തുടങ്ങുന്ന ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. ഇതിൽ 8 വെളുത്ത കട്ടകൾ കാണാം. Middle C യിൽ തുടങ്ങി മറ്റൊരു C യിൽ അവസാനിക്കുകയാണ് ഇവിടെ. ആദ്യം കാണുന്ന C കഴിഞ്ഞുവരുന്ന വെളുത്ത കട്ടയാണ് D. ഇവിടെ C ക്കും ഡി ക്കും ഇടയിൽ ഒരു കറുത്ത കട്ട കാണാം. ഇത് 
ഇവയുടെ വകഭേദങ്ങള്‍ ആണ്. സി കഴിഞ്ഞു വരുന്നത് ആയത് കൊണ്ട് ഇത് C യുടെ Sharp ആണ്.  D ക്ക് മുമ്പിൽ ആയത് കൊണ്ട് ഇത് ഡി യുടെ Flat ഉം ആണ്.  C Sharp അല്ലെങ്കിൽ D Flat എന്നറിയപ്പെടുന്ന കറുത്ത കട്ട കഴിഞ്ഞാൽ അടുത്തത് D എന്നറിയപ്പെടുന്ന വെളുത്ത കട്ടയാണ്. D കഴിഞ്ഞാൽ E എന്ന വെളുത്ത കട്ടയ്ക്ക് മുമ്പ് മറ്റൊരു കറുത്ത കട്ട കാണാം. ഇത് D Sharp അല്ലെങ്കിൽ E Flat എന്നറിയപ്പെടുന്നു. 

മുകളിലെ ചിത്രം ഒന്നു കൂടി നോക്കുക. ചിത്രത്തിൽ D എന്ന വെളുത്ത കട്ടയുടെ മുമ്പും, അതിന് ശേഷവും ഓരോ കറുത്ത കട്ടകൾ കാണാം. എന്നാൽ C എന്ന വെളുത്ത കട്ടയ്ക്ക് മുമ്പിൽ ഒരു കറുത്ത കട്ട ഇല്ല. എന്നാൽ C കഴിഞ്ഞു ഒരു കറുത്ത കട്ട ഉണ്ട്. ഇതിനർത്ഥം D യ്ക്ക് യഥാര്‍ത്ഥ D, അതിന്റെ ശ്രുതി (Pitch) അല്‍പം കുറഞ്ഞത്‌ (D sharp), ശ്രുതി അല്‍പം കൂടിയത്‌ (D flat)  ഇപ്രകാരം മൂന്നു തരം D ഉണ്ട്‌. എന്നാൽ C ക്ക് sharp മാത്രമേ ഉള്ളു Flat ഇല്ല.

ഏതു കട്ടയ്ക്കും തൊട്ടു മുന്‍പില്‍ ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത്‌ അതിന്റെ ഫ്ലാറ്റ്‌ രൂപം. തൊട്ടു മുന്നില്‍ കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഫ്ലാറ്റ്‌ ഇല്ല. ഏതു കട്ടയ്ക്കും തൊട്ടു ശേഷം ഒരു കറുത്ത കട്ട ഉണ്ടെങ്കില്‍ അത്‌ അതിന്റെ ഷാര്‍പ്‌ രൂപം . തൊട്ടു ശേഷം കറുത്ത കട്ട ഇല്ലെങ്കില്‍ അതിനു ഷാര്‍പ്‌ ഇല്ല.

അങ്ങനെ ആണെങ്കില്‍ ഓരോ സ്വരത്തിന്റെയും വകഭേദങ്ങള്‍ ഏതൊക്കെ ആയിരിക്കും എന്ന് നോക്കാം.





Flat (♭) Natural (♮) Sharp (♯)
C C sharp
D flat D D sharp
E flat E
F F sharp
G flat G G sharp
A flat A A sharp
B flat B

 സാങ്കേതികമായി ഇങ്ങനെ പറയുന്നു എങ്കിലും കറുത്ത കട്ട ഇല്ലാത്തതു കൊണ്ട്‌ സ്വരങ്ങൾക്ക് അതിന്റെ കോമള, തീവ്ര വിഭാഗങ്ങൾ ഇല്ലാതാകുന്നില്ല. ഇവിടെ C ക്ക് മുമ്പിൽ ഒരു കറുത്ത കട്ട ഇല്ല എങ്കിലും. C flat എന്നെഴുതി കണ്ടാല്‍ അത്‌ B യെ ആണ് സൂചിപ്പിക്കുന്നത്. അതുപോലെ B sharp എന്നെഴുതിയാല്‍ അത്‌ C യെ ആണ് സൂചിപ്പിക്കുന്നത്. മറ്റു കട്ടകള്‍ക്കും ഇതുപോലെ തന്നെ കോമള, തീവ്ര വിഭാഗങ്ങൾ പറയാം. അതായത്‌ കറുത്ത കട്ട ഇല്ലാത്തതു കൊണ്ട്‌ മാത്രം പേരില്ലാതാകുന്നില്ല എന്ന്.

Sharp ആണെങ്കില്‍ അതാതു സ്വരത്തിന്റെ അവസാനം ♯ അടയാളം ചേര്‍ക്കും C♯, D♯, F♯, G♯, A♯ എന്നിങ്ങനെ. ഇവിടെ # അല്ല ♯ ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടും തമ്മിൽ വെത്യാസം നോക്കുക. #♯. ഫ്ലാറ്റ്‌ ആണെങ്കിൽ അടിവശം കൂര്‍ത്തിരിക്കുന്ന ഒരു b അവസാനം ചേര്‍ക്കും. D♭, E♭, G♭, A♭ B♭ എന്നിങ്ങനെ. ഇനി sharp ഉം flat ഉം ഒന്നും അല്ലാത്ത നോർമൽ ആണെങ്കിൽ ♮ എന്നു ചേർക്കും. C♮, D♮, E♮ എന്നിങ്ങനെ. നോർമൽ ആണെങ്കിൽ ♮ ചേർക്കാതെയും എഴുത്തും. C, D, E എന്നിങ്ങനെ.

Comments